വിശ്വാസ പ്രഖ്യാപന റാലിയും, തീര്‍ത്ഥാടന സംഗമവും
ഭാരത അപ്പോസ്തോലനായ മാര്‍ത്തോമ്മാ ശ്ളീഹായാല്‍ എ.ഡി.54 ല്‍ സ്ഥാപിതമായ നിരണം വലിയപള്ളിയുടെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ്മാ ശ്ളീഹായുടെ പാദസ്പര്‍ശത്താല്‍ പരിപാവനമായ തോമത്തു കടവില്‍ വിശ്വാസ പ്രഖ്യാപന റാലിയും, തീര്‍ത്ഥാടന സംഗമവും നടത്തുന്നു. 2010 ഏപ്രില്‍ 11 ഞായറാഴ്ച 4 മണിക്ക്
ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലിത്താ റാലി ഉദ്ഘാടനം ചെയ്യും.മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മാര്‍ത്തോമ്മന്‍ തീര്‍ത്ഥാടനകേന്ദ്രമായ നിരണം വലിയപള്ളിയിലേക്ക് നടത്തപ്പെടുന്ന വിശ്വാസ പ്രഖ്യാപന റാലിയെ നിരണം ഭദ്രാസന സെക്രട്ടറി റവ.ഫാ.അലക്സാണ്ടര്‍ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. നിരണം പ്രദേശങ്ങളില്‍ നിന്ന് ആയിരത്തില്‍പരം വിശ്വാസികള്‍ തീര്‍ത്ഥാടന സംഗമത്തിലും, റാലിയിലും പങ്കെടുക്കും.
മാര്‍ത്തോമ്മാ പായ്ക്കപ്പലില്‍ വന്നിറങ്ങിയ കടവാണ് പില്‍ക്കാലത്ത് ലോപിച്ച് തോമത്തുകടവായി തീര്‍ന്നത്. യേശുക്രിസ്തുവിനെയും, 12 ശ്ളീഹന്മാരെയും പ്രതിനിധാനം ചെയ്ത് 13 പടവുകള്‍ ഈ കടവില്‍ ശിലകളില്‍ തീര്‍ത്തിട്ടുണ്ട്. അനേക അത്ഭുതങ്ങള്‍ ഈ കടവില്‍ നടന്നതായാണ് പഴമക്കാര്‍ പറയുന്നത്. നിരണം, കടപ്ര പ്രദേശങ്ങളിലെ സമൃദ്ധമായ നീര്‍ത്തടമാണ് വിശാലമായ തോമത്തു കടവ്.
കാതോലിക്കേറ്റ് പതാക, അലുക്കിട്ടകുട, എന്നിവ ഏന്തി നീങ്ങുന്ന റാലിയില്‍ തോമ്മാശ്ളീഹായുടെ ചരിത്രവുമായി ബന്ധപ്പെട്ട വിവിധ ഫ്ളോട്ടുകള്‍ അവതരിപ്പിക്കും.
റാലിയുടെ നടത്തിപ്പിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
|